തിരുവനന്തപുരം: സർക്കാർ തയാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ആർ.വി. അർലേക്കർ വരുത്തിയ തിരുത്തൽ തള്ളി നിയമസഭ. താൻ വായിച്ച നയപ്രഖ്യാപന പ്രസംഗമാണ് സഭാരേഖയിൽ ഉൾപ്പെടുത്തേണ്ടതെന്ന് ആവശ്യപ്പെട്ട് ഗവർണർ സ്പീക്കർ എ.എൻ. ഷംസീറിനു നൽകിയ കത്തു നിയമസഭ പരിഗണിച്ചില്ല. ഇതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഗവർണറെ തള്ളിയുള്ള നിയമസഭയുടെ നടപടി.
കീഴ്വഴക്കങ്ങളും സുപ്രീംകോടതി ഉത്തരവുകളും അനുസരിച്ച് മന്ത്രിസഭ അംഗീകരിച്ച് അച്ചടിച്ച് നിയമസഭയിൽ വിതരണം ചെയ്ത നയപ്രഖ്യാപന പ്രസംഗമാണ് സഭാരേഖകളിൽ വരേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനമാകും സഭാ രേഖകളിലുണ്ടാവുകയെന്ന് സ്പീക്കർ നേരത്തെ റൂളിങ്ങും നൽകിയിരുന്നു.
എന്നാൽ, നയപ്രഖ്യാപനം താൻ പ്രസംഗിച്ച അതേരൂപത്തിൽതന്നെ സഭാരേഖകളിൽ വരണമെന്നും അതിനെ സാധൂകരിക്കുന്ന തരത്തിലുള്ള കാരണങ്ങളും നിരത്തി ഗവർണർ അർലേക്കർ, സ്പീക്കർ എ.എൻ. ഷംസീറിനു കത്ത് നൽകിയിരുന്നു. ഈ കത്ത് നിയമസഭയുടെ പരിഗണനയ്ക്ക് വയ്ക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് കത്ത് സഭയുടെ മുമ്പാകെ വച്ചതും മുഖ്യമന്ത്രി വിശദീകരണം നൽകിയതും.
ജ്യോതി വെങ്കിടാചലവും ആരിഫ് മുഹമ്മദ്ഖാനും ഗവർണറായിരുന്നപ്പോൾ ഏതാനും മിനിറ്റുകൾ മാത്രമായിരുന്നു നയപ്രഖ്യാപന പ്രസംഗം നടത്തിയത്. എന്നാൽ മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനമാണ് സഭാരേഖകളിൽ വന്നത്.
ഇപ്പോൾ ഗവർണർ ഉന്നയിക്കുന്ന ആവശ്യം അംഗീകരിക്കുന്ന രീതിയാണെങ്കിൽ ജ്യോതി വെങ്കിടാചലവും ആരിഫ് മുഹമ്മദ് ഖാനും സഭയിൽ വായിച്ച മിനിട്ടുകൾ മാത്രമുള്ള ഭാഗം മാത്രമേ സഭാരേഖകളിൽ ഉണ്ടാകുമായിരുന്നുള്ളൂ. അതിനാൽ ഗവർണർ സ്പീക്കർക്കു നൽകിയ കത്ത് പരിഗണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇക്കാര്യം അംഗീകരിച്ച് സ്പീക്കർ റൂളിങും നൽകി.